മഹാത്മാവായി വാഴ്ത്തപ്പെടുമ്പോഴും രാഷ്ട്ര പിതാവായി അംഗീകരിക്കപ്പെടുമ്പോഴും ഒരുപാട് വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് ഗാന്ധിജി. അത്തരത്തിലുള്ള ഒരു പ്രധാന വിമർശനമാണ് അദ്ദേഹത്തിന്റെ ദളിതരോടുള്ള സമീപനം. ഗാന്ധിയും അംബേത്കറും രണ്ടുതട്ടിൽ നിൽക്കുന്നതും ഈ സംവാദത്തിലാണ്. വരേണ്യ വിഭാഗത്തിലുള്ള ഹിന്ദുക്കളുടെ പെറ്റി ഏജന്റായും ബ്രാഹ്മണിക്കൽ ദേശീയതയുടെ പതാകവാഹകനായുമെല്ലാം അദ്ദേഹത്തെ നിശിതമായി വ്യക്തിഹത്യ നടത്തുന്നവർ ധാരാളമുണ്ട്. ജാതിയതയിലൂന്നിയ രാഷ്ട്രീയ നിലപാടുകൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഇത്രയുമധികം സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിലാണ് ഗാന്ധിയൻ ആശയങ്ങളിലെ ജതീയതയെക്കുറിച്ചുള്ള പരാമർശങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നത്.
അന്ന് പോർബന്ധറിലെ പ്രധാനമന്ത്രിയായിരുന്ന കരം ചന്ത് ഗാന്ധിയുടെ മകനായി പ്രിവിലേജുകളുടെ നടുവിലാണ് മോഹൻദാസ് കരംചന്ത്ഗാന്ധി എന്ന ഗാന്ധിജി ജനിക്കുന്നത്. ജാതീയതയുടെ യാതൊരു വിവേചനവും നേരിട്ടറിയാതെ വളർന്നതുകൊണ്ടാവാം ഒരു പക്ഷേ, അദ്ദേഹം “ ജാതിക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്നും, ജാതി ഒരാചാരമാണെന്നും” വിശ്വസിച്ചിരുന്നത്.
“ഐത്തം ഇല്ലാതെയായാൽ ജാതീയതയും തനിയെ ഇല്ലാതെയാവുമെന്ന” അദ്ദേഹത്തിന്റെ പ്രതീക്ഷ പല അവസരങ്ങളിലും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ കാലം തെളിയിച്ചുകൊണ്ടിരിക്കുന്ന സത്യം മറ്റൊന്നാണ്. ഐത്തോച്ഛാടനം എന്നേ നടന്നിട്ടും ജാതീയത ഇന്നും നിലനിൽക്കുന്നത് ഗാന്ധിജിയുടെ പ്രതീക്ഷയെ തകർത്തുകളയുന്നു. ഇന്ത്യൻ ഹിന്ദുയിസത്തിൽ അന്തർലീനമായ , ജാതിയതയുടെ അടിസ്ഥാനമായ ചാതുർവർണ്ണ്യ വ്യവസ്ഥയെ അദ്ദേഹം ഒരിക്കൽ പോലും എതിർത്തിട്ടില്ല. എല്ലാ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്ന അപ്രായോഗിക യുക്തിയെ കൂട്ടുപിടിച്ച് ചാതുർവർണ്ണ്യത്തെ ന്യായികരിക്കുകയാണ് ഗാന്ധിജി ചെയ്തിട്ടുള്ളത്. അഥ സ്ഥിതി ക ജനവിഭാഗത്തിന്റെ അക്കാലത്തെ ശബ്ദമായിരുന്ന ഡോ.ബി.ആർ. അംബേദ്കർ ഹിന്ദുമതത്തിനൊരു വെല്ലുവിളിയാണെന്ന് ഗാന്ധിജി എഴുതിയിട്ടുണ്ട്. 1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ അദ്ദേഹം പറയുന്നത് “ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടിയാണെങ്കിൽ പോലും ഐത്ത ജാതിക്കാരുടെ പ്രത്യേക താൽപര്യങ്ങളെ സംരക്ഷിക്കാനാവില്ലെന്നും അങ്ങനെയുള്ള പ്രത്യേക പരിഗണനകൾ ഹിന്ദു മതത്തിന്റെ ആഭിജാത്യത്തിന് അപമാനമാണെന്നുമാണ്”.
The South african Gandhi –“ Structure Bearer of an Empire”- എന്ന പുസ്തകത്തിൽ അശ്വിൻ ദേശായിയും ഗുലാബ് വഹിദും പറയുന്നത് ഗാന്ധിജിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ട്ടമല്ലായിരുന്നു എന്നാണ്. അവരെ അദ്ദേഹം “ കാഫിർ” എന്ന് വിളിച്ചിരുന്നതായും ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നടത്തിയ സമരങ്ങളിൽ ഒരെണ്ണം പോസ്റ്റ് ഓഫീസുകളിൽ കറുത്ത വർഗ്ഗക്കാരനും വെളുത്തവർഗ്ഗക്കാരനും പ്രത്യേക വാതിലുകൾ ഉണ്ടായിരുന്ന പോലെ ഇന്ത്യക്കാർക്ക് മൂന്നാമതൊരു വാതിൽ വേണമെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടായിരുന്നു എന്നുമെല്ലാം ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസുകളിലെ ഈ മാറ്റം അന്നത്തെ ധനിക വ്യവസായികളായിട്ടുള്ള ഇന്ത്യക്കാരുടെ മാത്രം തൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നുമെല്ലാം ഇതേ പുസ്തകം വിമർശിക്കുന്നുണ്ട്. ഇത്തരം ചരിത്ര വസ്തുതകൾ ഉയർത്തിക്കാണിക്കുന്നത് ഗാന്ധിജി ദളിത് വിഭാഗത്തിനെ ഹിന്ദുമതത്തോടടുപ്പിച്ച് നിർത്തുവാൻ ശ്രമിച്ചു എങ്കിലും മതത്തിനുള്ളിലെ മേൽക്കോയ്മകളേയും വർഗ്ഗീകരണത്തേയും അംഗീകരിച്ചിരുന്നു എന്നു തന്നെയാണ്. എന്നാൽ ഈ പരാമർശങ്ങളിലെല്ലാം ഗാന്ധിജിയെ ഡോ. അബേത്കർ അതിസമർത്ഥമായി ഖണ്ഡിക്കുന്നുമുണ്ട്. 1931 ലെ രണ്ടാം വട്ടമേശസമ്മേളനത്തിനു ശേഷം അംബേത്കറെ വീട്ടിലേക്ക് വിളിച്ചു വരുത്തി “ താങ്കളൊരു തികഞ്ഞ ദേശസ്നേഹിയാണെന്ന്” പറയുന്ന ഗാന്ധിയോട് അ അംബേത്കർ പറയുന്ന വാക്കുകൾ വളരെ പ്രസക്തമാണ്- “ മഹാത്മൻ,,, എനിക്കായി ഒരു രാജ്യവുമില്ല. ഈ രാജ്യം എന്റേതുകൂടി ആയിരുന്നെങ്കിൽ എനിക്കും എന്റെ വർഗ്ഗത്തിനും പൊതുവഴിയിൽ സഞ്ചരിക്കുന്നതിനോ, പൊതു ജലാശയങ്ങളിൽ നിന്നും വെള്ളം കുടിക്കുന്നതിനോ ആരും തടസ്സം നിൽക്കില്ലായിരുന്നു..”
സ്വാതന്ത്ര്യലഭ്ദിക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനിടയിൽ സാമൂഹിക പരിഷ്കരണത്തിലൂടെ ഉണ്ടായേക്കാവുന്ന വിഘടനവാദത്തെ ഇല്ലാതെയാക്കാനായിരിക്കണം ഗാന്ധിജി ഇത്തരത്തിലുള്ള നിലപാട് ഈ ദളിത് വിഷയങ്ങളിൽ സ്വീകരിച്ചത്.
എന്നാൽ, ഒരു ജനതയുടെ സ്വാതന്ത്ര സ്വപ്നങ്ങൾക്കു കാതലായ ഐക്യബോധത്തെ തകർക്കാത്ത രീതിയിലുള്ള സാമൂഹിക പരിവർത്തനങ്ങൾക്ക് അദ്ദേഹം തീർച്ചയായും ശ്രമിച്ചിരുന്നു. അഥസ്ഥിതിക വിഭാഗത്തെ ദളിതർ / ഹരിജനെന്നുമെല്ലാം ഏറ്റവും കൂടുതൽ വിശേഷിപ്പിച്ചിട്ടുള്ള വ്യക്തി ഗാന്ധിജി തന്നെയാണ്. “ഹിന്ദുയിസത്തിനു മേലുള്ള മായാത്ത കളങ്കം”- എന്നു തന്നെയാണ് ജാതീയതയെ അദ്ദേഹം നിർവചിച്ചിട്ടുള്ളത്. അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ദളിതർ മാത്രം ചെയ്തിരുന്ന ജോലികൾ സ്വയം ഏറ്റെടുത്തും മറ്റുള്ളവരെ അതിനായി നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം “ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഐത്തക്കാരനായി ജനിക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതെന്ന്” “The Good Boat man” എന്ന പുസ്തകത്തിൽ രാജ്മോഹൻ ഗാന്ധി എടുത്തു പറയുന്നു. “ ഞാൻ വിചാരിക്കുന്ന പോലെ സംഭവിച്ചാൽ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഒരു ദളിത് യുവതിയായിരിക്കുമെന്നും” – അദ്ദേഹം പറഞ്ഞിട്ടുള്ളതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു..
ഗാന്ധിജി എന്ന വ്യക്തിയെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ചിരിത്ര വിദ്യാർത്ഥി തീർച്ചയായും കടന്നുപോകുന്ന വിഷമഘട്ടങ്ങൾ ഒരുപാടുണ്ട്. അതിന്റെയർത്ഥം ഏറ്റവും ലളിതമായി പറഞ്ഞാൽ മോഹൻദാസ് കരംചന്ത് ഗാന്ധി എന്നത് ഒരു മനുഷ്യനായിരുന്നു എന്നതാണ്. തന്റെ തീരുമാനങ്ങൾ മാത്രമാണ് ശരി എന്ന് അദ്ദേഹം ശാഠ്യം പിടിച്ചിട്ടില്ല. തന്റെ അബന്ധങ്ങൾ അബന്ധങ്ങളെന്ന് ബോധ്യപ്പെടുമ്പോൾ യാതൊരു മടിയും കൂടാതെ അത് ഏറ്റുപറയുകയും തിരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹം എന്നത് നമുക്ക് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും . ഇന്ന് നമ്മളുപയോഗിക്കുന്ന “ഹിമാലയൻ വിണ്ഡിത്തം” എന്ന പ്രയോഗം പോലും ഗാന്ധി സ്വയം കണ്ടെത്തിയ തെറ്റിന് കൊടുത്ത വിശേഷണമാണ്.. ഒരു നിശ്ചിത പ്രത്യയ ശാസ്ത്രത്തിലടിയുറച്ച് അതിൽ നിന്നുകൊണ്ട് മാത്രം പ്രവർത്തിച്ച ആളല്ല ഗാന്ധിജി. അദ്ദേഹം എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗാന്ധിയിലെ വൈരുദ്ധ്യത്തെ ആ രീതിയിൽ സന്ദർഭോജിതമായി മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഒരു തെറ്റുകളും വരുത്താത്ത പുണ്യാത്മാവായി കാണാതെ തെറ്റുകൾ സംഭവിച്ചാൽ തിരുത്തുവാൻ മടികാണിക്കാത്ത അസാധാരണമായ ജനാധിപത്യബോധമുള്ള ഒരു സാധാരണ മനുഷ്യനായി അദ്ദേഹത്തെ കാണുകയാണ് വേണ്ടത്. അപ്പോഴാണ് “ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ” എന്നതിനേക്കാൾ അനുയോജ്യമായ മറ്റൊരു ശീർഷകവും ഗാന്ധിജി എന്ന വ്യക്തയുടെ ജീവിതകഥക്ക് കൊടുക്കാനില്ലെന്ന് തോന്നുക.
.......പ്രണവ് കുമാർ.
No comments:
Post a Comment